Call Vidheesi contact Number: 0091 9526448281

കാടുകുറ്റിയുടെ ചരിത്രം

             

   പതിനാറാം നൂറ്റാണ്ടില്‍ ഡച്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് ആധിപത്യം വിട്ടൊഴിയേണ്ടിവന്നതിനേ തുടര്‍ന്ന് വടക്കോട്ടു നീങ്ങിയ അവര്‍ വിജനമായി കിടന്നിരുന്ന ഇന്നത്തെ സമ്പാളൂര്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് താമസമുറപ്പിച്ചു. വിശുദ്ധ പൌലോസിന്റെ ദേശം എന്നര്‍ത്ഥം വരുന്ന സെയ്ന്റ്പോള്‍സ് ഊര്‍ എന്നതാണ് കാലാന്തരത്തില്‍ സമ്പാളൂര്‍ എന്ന സ്ഥലനാമമായി രൂപാന്തരപ്പെട്ടത്. പോര്‍ച്ചുഗീസുകാര്‍ പാളയമടിച്ചിരുന്ന സ്ഥലം ഇന്നും പാളയംപറമ്പ് എന്നാണ് അറിയപ്പെടുന്നത്. വൈന്തല, വാളൂര്, കൊലയിടം എന്നിങ്ങനെ യുദ്ധചരിത്രവുമായി ബന്ധപ്പെട്ട ഒരുപാട് ചെറുഗ്രാമങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. പോര്‍ച്ചുഗീസ് പൈതൃകം അവകാശപ്പെടാവുന്നവരാണ് ഇന്നത്തെ കാടുകുറ്റിയിലെ ആംഗ്ലോ ഇന്ത്യന്‍സ്

                            തത്തമത്ത് സ്വരൂപം (കൊരട്ടി സ്വരൂപം) വക നാട്ടുരാജ്യമായിരുന്നു ആദ്യകാലത്ത് ഈ പ്രദേശം. കവലക്കാട്ട് തോമ എന്നു പ്രസിദ്ധനായ പടയാളിയായിരുന്നു കൊരട്ടിസ്വരൂപത്തിന്റെ സേനാനായകന്‍. അദ്ദേഹം ജനിച്ചത് കാടുകുറ്റി പഞ്ചായത്തിലാണ്. അദ്ദേഹത്തിന്റെ ശവസംസ്ക്കാരം നടത്തിയ സ്ഥലത്താണ് കൊരട്ടിപള്ളിയുടെ പടിഞ്ഞാറെ നടയിലുള്ള കല്‍ക്കുരിശ് സ്ഥാപിച്ചിട്ടുള്ളത്. അര്‍ണ്ണോസുപാതിരി കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ മലയാളം അച്ചുകൂടം ഈ പഞ്ചായത്തിലെ സമ്പാളൂരിന്നടുത്താണ്. സെമിനാരി പറമ്പ് എന്ന് ഇന്നും ഈ സ്ഥലം അറിയപ്പെടുന്നു.

                        അമ്പഴക്കാട് സെന്റ് തോമസ് ചര്‍ച്ച്, കാടുകുറ്റി ഉണ്ണി മിശിഹാപള്ളി, സെന്റ് സേവ്യേഴ്സ് ചര്‍ച്ച് സമ്പാളൂര്‍ എന്നിവയും, ശ്രീധര്‍മ്മശാസ്താ ക്ഷേത്രം അന്നനാട്, പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രം ചെറുവാളൂര്‍ എന്നിവയും കാടുകുറ്റിയിലെ പഴക്കം ചെന്ന ആരാധനാലയങ്ങളാണ്. ഇതില്‍ എ.ഡി.300-ല്‍ സ്ഥാപിതമായ അമ്പഴക്കാട് പള്ളിയാണ് ഈ പ്രദേശത്തെയും സമീപപ്രദേശത്തെയും ക്രിസ്ത്യാനികളുടെ മതപരമായ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അന്നാട്ടിലുള്ള വേലുപ്പിള്ളി ധര്‍മ്മാശാസ്താക്ഷേത്രം പഴയകാലം തൊട്ടേ പ്രസിദ്ധമാണ്.

                  ചാലക്കുടി പുഴ ഈ പഞ്ചായത്തിനെ രണ്ടായി പകുത്തുകൊണ്ട് ഒഴുകുന്നു. സംഘസാഹിത്യത്തിലെ പരാമര്‍ശങ്ങളില്‍ ചോലയാര്‍ എന്നായിരുന്നു ഈ പുഴയുടെ പേരെന്ന് സൂചനകളുണ്ട്. മൈസൂര്‍ സിംഹം എന്നറിയപ്പെട്ടിരുന്ന ടിപ്പുസുല്‍ത്താന്‍ 1766-ല്‍ ആക്രമണം നടത്തിയപ്പോള്‍ തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ സംയുക്തമായി അറബിക്കടല്‍ മുതല്‍ സഹ്യാദ്രി വരെ കോട്ട കെട്ടിയത് ഈ പ്രദേശത്തുകൂടിയായിരുന്നു. കോട്ടയുടേയും അനുബന്ധിച്ചുള്ള കിടങ്ങിന്റേയും യുദ്ധസാമഗ്രികളുടേയും അവശിഷ്ടങ്ങള്‍ ഇപ്പോഴും ഈ പ്രദേശത്ത് അങ്ങിങ്ങായി കാണാം. കൊടുകുത്തിമല എന്ന പട്ടാളത്താവളം ഇപ്പോള്‍ കൊടുകുത്തുകുന്ന് എന്നറിയപ്പെടുന്നു.

                         ദേശീയ സ്വാതന്ത്ര്യസമരത്തിന് കുറച്ചുപേരെയെങ്കിലും സംഭാവന ചെയ്യാന്‍ ഈ നാടിന് സാധിച്ചു എന്നുള്ളത് അഭിമാനകരമാണ്. പനമ്പിള്ളി ഗോവിന്ദ മേനോനാണ് ഇവരില്‍ പ്രാതഃസ്മരണീയന്‍. അദ്ദേഹത്തിന്റെ ജന്മദേശം ഈ പഞ്ചായത്തിലാണ്. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ഭക്ഷ്യകാര്യ സഹമന്ത്രിയായിരുന്ന പനമ്പള്ളി 1967-ല്‍ ക്യാബിനറ്റ് റാങ്കില്‍ നിയമമന്ത്രിയായി. ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ എന്നിവയ്ക്ക് കാര്‍മികത്വം വഹിച്ചു. അദ്ദേഹം റെയില്‍വേ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്.

                 1952-ല്‍ കല്ലൂര്‍ വടക്കുംമുറി വില്ലേജുപഞ്ചായത്ത് നിലവില്‍ വന്നു. 1954-ല്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സമിതിയുണ്ടായി. 1989 സെപ്തംബര്‍ 22-ാം തീയതി കല്ലൂര്‍ വടക്കുംമുറി പഞ്ചായത്ത് കാടുകുറ്റി പഞ്ചായത്ത് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

                 കാടുകുറ്റി പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. തെങ്ങാണ് ഏറ്റവും പ്രധാനപ്പെട്ട ദീര്‍ഘകാല നാണ്യവിള. ഇടവിളയായി ജാതി, വാഴ, ഇഞ്ചി, കവുങ്ങ് എന്നിവയും കൃഷി ചെയ്യുന്നു. ആദ്യകാലത്ത് കൂടുതല്‍ ശ്രദ്ധയും പരിചരണവും നല്‍കിയിരുന്നത് നെല്‍കൃഷിക്കായിരുന്നു. മഴയെ ആശ്രയിച്ചാണ് നെല്‍കൃഷി നടത്തിയിരുന്നത്. തോടുകള്‍, കുളങ്ങള്‍ എന്നിവ കൂട്ടായി സംരക്ഷിച്ച് കൃഷിയ്ക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. നാടന്‍വിത്തിനങ്ങളായ ചീര, അതിയന്‍, ആര്യന്‍, നകര എന്നിവയാണ് ഉപയോഗിച്ചിരുന്നത്. 1970-ഓടുകൂടി അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. ഈ കാലഘട്ടത്തിലാണ് രാസവളപ്രയോഗവും നിലവില്‍ വരുന്നത്. വൈദ്യുതി ലഭ്യമായതോടെ കൃഷിയ്ക്കായി പമ്പുസെറ്റുകളും ഉപയോഗിച്ചുതുടങ്ങി. പാട്ടവ്യവസ്ഥ നിലനിന്നിരുന്നതുമൂലം തെങ്ങുകൃഷി പ്രാമുഖ്യം നേടിയിരുന്നില്ല. ചാലക്കൂടി ചന്തയായിരുന്നു കാര്‍ഷികോല്‍പന്നങ്ങളുടെ പ്രധാനവിപണനകേന്ദ്രം. ഭൂപരിഷ്കരണം നടപ്പില്‍ വരികയും പാട്ടവ്യവസ്ഥ ഇല്ലാതാവുകയും ചെയ്തതോടെ തെങ്ങ്, കവുങ്ങ് തുടങ്ങിയ ദീര്‍ഘകാല നാണ്യവിളകളിലേക്ക് കര്‍ഷകര്‍ തിരിഞ്ഞു. സമീപകാലംവരെ ഒരു വളര്‍ത്തുമൃഗമെങ്കിലുമില്ലാത്ത വീട് ഈ ഗ്രാമത്തില്‍ വിരളമായിരുന്നു.

                 പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയം കാടുകുറ്റിയിലുള്ള സെന്റ് അഗസ്റ്റിന്‍സ് ലോവര്‍ പ്രൈമറി സ്കൂളാണ്. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം 1894-ലാണ് സ്ഥാപിതമായത്. കേന്ദ്ര കാബിനറ്റ് മന്ത്രി വരെയായി ഉയര്‍ന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍, ഡോ.ഫാദര്‍ എ.കെ.ചിറപ്പണത്ത് എന്നിവര്‍ ഈ സ്കൂളിലെ ആദ്യകാലവിദ്യാര്‍ത്ഥികളായിരുന്നു. അഞ്ച് ലോവര്‍ പ്രൈമറി സ്ക്കൂളുകളും മൂന്ന് അപ്പര്‍ പ്രൈമറി സ്ക്കൂളുകളും മൂന്ന് ഹൈസ്ക്കൂളുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പഞ്ചായത്തിന്റെ പ്രാദേശിക ഉത്സവമായി ആഘോഷിക്കപ്പെടുന്നത് അന്നനാട്ട് 5-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വേലുപ്പിളളി ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്രംവിളക്ക് മഹോത്സവമാണ്. കുംഭമാസത്തിലെ ഉത്രംനാളില്‍ നടക്കുന്ന ഈ ഉത്സവത്തിന് കേരളത്തിലെ പ്രശസ്തരായ മേളക്കാരും ആനകളും അണിനിരക്കുന്നു. വിവിധ കലാപരിപാടികളും ഗംഭീര കരിമരുന്നുപ്രയോഗവും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. കൊരട്ടിപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും പഞ്ചായത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും ആഘോഷിക്കുന്ന പെരുന്നാളാണ് വിഖ്യാതമായ കൊരട്ടിമുത്തിയുടെ തിരുനാള്‍. എ.ഡി 300-ല്‍ സ്ഥാപിച്ച അമ്പഴക്കാട് പള്ളിയിലെ അമ്പുപെരുന്നാളും, സമ്പാളൂരില്‍ സ്ഥിതി ചെയ്യുന്ന സെന്റ് സേവ്യര്‍ ദേവാലയത്തിലെ പെരുന്നാളും മറ്റെല്ലാ ഉത്സവങ്ങളും നാനാജാതിമതസ്ഥര്‍ ഒരുമിച്ച് ആഘോഷിച്ചു വരുന്നു. മുരിങ്ങൂര്‍-കാടുകുറ്റി റോഡും അമ്പഴക്കാട്-കല്ലൂര്‍ റോഡുമാണ് ഏറ്റവും പഴക്കമുള്ള ഗതാഗതപാത. കൊരട്ടി-കാടുകുറ്റി  റോഡ് ജനങ്ങളുടെ നിരന്തരമായ ശ്രമഫലമായി രൂപപ്പെട്ടതാണ്.
                                                                                                                   

                                                                                                                                  കടപ്പാട് :- http://lsgkerala.in

2 comments:

  1. കാടുകുറ്റി എന്നൊരു ദേശം ഈ കേരളത്തിൽ ഉണ്ടെന്നും, സ്വദേശിയായ വിദേശി ഇവിടുത്തുകാരനാണെന്നും ബ്ലോഗിലൂടെ മനസ്സിലായി. ചെറിയതെങ്കിലും സാമാന്യം നല്ല ഒരു വിവരണവും കാടുകുറ്റിയെപ്പറ്റി നൽകിയിരിക്കുന്നൂ. yello colour ൽ എഴുതിയിരിക്കുന്നതൊന്നുംതന്നെ വായിക്കുവാൻ കഴിഞ്ഞില്ല എന്നത്‌ പറയാതിരിക്കാൻ വയ്യാ. പോർച്ചുഗീസ്സുകാരും ഡച്ചുകാരും കടൽ വഴി കാടുകുത്തിയിൽ വന്നതുകൊണ്ടാകാം, വിദേശി കരമാർഗം അബൂധബിക്ക്‌ പോയത്‌. ആരെങ്കിലും കാടുകുറ്റിയിൽ നിന്നും ഈ വഴി പുറപ്പെട്ടാൽ അവിടെ എത്തുമ്പോൾ "കൊരട്ടിപള്ളിയുടെ പടിഞ്ഞാറേ നടയിലുള്ള കൽക്കുരിശ്‌" പോലെ ഒന്ന് അബൂധബിയിലും വേണ്ടി വന്നേക്കാം. നന്ദി, നമസ്ക്കാരം.

    ReplyDelete
    Replies
    1. താങ്കളുടെ വിലയേറിയ അഭിപായത്തിനു നന്ദി .ബ്ലോഗിന്‍റെ ഡിസൈനില്‍ അടുത്തിടെ നല്‍കിയ മാറ്റങ്ങള്‍ മൂലമാണ് yello colour ല്‍ ഉള്ളവ വായിക്കുവാന്‍ പറ്റാതിരുന്നത്‌ ആ തെറ്റ് ഇപ്പോള്‍ തിരുത്തിയിട്ടുണ്ട് .തുടര്‍ന്നും വിമര്‍ശനങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു - വിദേശി

      Delete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ പ്രധാനപെട്ടതാണ്. അതാണ്‌ എന്‍റെ പ്രചോദനവും.

ആവശ്യമെങ്കില്‍ മെയില്‍ അയയ്ക്കുക - vidheesi@gmail.com

About